കറിവേപ്പ് എന്നത് ഒരു കുറ്റിച്ചെടിയാണ്. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികൾക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും
ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്.ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്
മഞ്ഞപ്പിത്തം: കറിവേപ്പില പ്രധാനമായി ചേര്‍ത്തുണ്ടാക്കുന്ന കൈഡിര്യാദികഷായം വയറുകടി, മഞ്ഞപ്പിത്തം എന്നിവയ്ക്ക് ഫലപ്രദമാണ്.
കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിനു കറിവേപ്പില ഉത്തമം. തിമിരത്തെ പ്രതിരോധിക്കുന്നു. ആമാശയത്തിന്റെ ആരോഗ്യത്തിനും ഗുണപ്രദം. ദഹനക്കേടിനു പ്രതിവിധിയായി ഉപയോഗിക്കാം. അതിസാരം, ആമാശയസ്തംഭനം എന്നിവയ്ക്കുളള പ്രതിവിധിയായും കറിവേപ്പില ഉത്തമം.
കറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും പ്രയോജനപ്രദം. അകാലനര തടയുന്നതിനും ഉത്തമം. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ദിവസവും പ്രഭാതഭക്ഷണത്തിനു മുമ്പു കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ്പ്് 2 പ്രമേഹം കുറയ്ക്കുന്നതിനു ഗുണപ്രദം. ദിവസവും കറിവേപ്പില കഴിക്കുന്നത്് അമിതഭാരവും അമിതവണ്ണവും കുറയ്ക്കുന്നതിനു ഗുണപ്രദം.
ചര്‍മത്തിന്റെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമം. കറിവേപ്പില ചവച്ചരയ്ക്കുന്നതു പ്രകൃതിദത്ത മൗത്ത്്‌വാഷിന്റെ ഗുണം ചെയ്യും. പൈല്‍സ്് മൂലമുളള ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും സഹായകം.
- പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്തരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ച് പിടിപ്പിക്കുക. തന്മൂലം ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും.
- കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.
- കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനു ശേഷം സ്‌നാനം ചെയ്യുക. പേൻ, ഈര്, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും.
- തലമുടി കൊഴിച്ചിൽ തടയാൽ കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം 'എ' ഏറ്റവുമധികം ഉൾക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുസംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായിരിക്കുന്നതും
- ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും ജീവകം 'എ' കൂടുതൽ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
- ചർമരോഗങ്ങൾ അകലാൻ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാൽ മതി.
- അലർജി സംബന്ധമായ അസുഖങ്ങൾക്ക് ശമനം കൈവരാൻ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടർച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാൽ മതി.
- അരുചി മാറിക്കിട്ടാൻ കറിവേപ്പിലയരച്ച് മോരിൽ കലക്കി സേവിക്കുന്നത് ഫലപ്രദമാണ്.
- കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തിൽ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കൊളസ്‌ട്രോൾ വർധന മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ശമനം കിട്ടും.
- പുഴുക്കടി അകലാൻ കറിവേപ്പിലയും, മഞ്ഞളും ചേർത്തരച്ചിട്ടാൽ മതി.
- ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരിൽ കലക്കിക്കഴിക്കുക.
- കറിവേപ്പിലയും മഞ്ഞളും ചേർത്തരച്ച് നെല്ലിക്ക വലുപ്പത്തിൽ കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കാലിൽ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും.
- ഉദരരോഗങ്ങൾ ശമിക്കാൻ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ